National
വിജയവാഡ: ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ആറിനുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
ഹൈദരാബാദിൽനിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപത്തുവച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പത്തുപേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി കത്തിനശിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട്ടുവച്ചുണ്ടായ സംഭവത്തിൽ കൽപ്പാത്തി കുന്നുംപുറം ഫൈസൽ (38) ആണ് മരിച്ചത്.
അപകടസമയത്ത് ഫൈസലിന്റെ മകൻ ബൈക്കിലുണ്ടായിരുന്നു. റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
International
കീവ്: യുക്രെയ്നിലെ നിപ്രോ നഗരത്തിൽ ഖനിത്തൊഴിലാളികളുമായ പോയ ബസിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണു സംഭവം.
ഒട്ടേറെ പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കന്പനിയായ ഡിടിഇകെയുടെ ബസിനു നേർക്കാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച 90 ഡ്രോൺ ആക്രമണങ്ങളാണ് യുക്രെയ്നിലുടനീളം റഷ്യ നടത്തിയത്.
Kerala
കണ്ണൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്.
ഇന്ന് വൈകീട്ട് 6.10 ഓടെയാണ് അപകടം. തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
റോഡിൽ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തിൽ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസിനടിയിൽപ്പെട്ടു.
കാറിന് മുകളിലേക്ക് ചെരിഞ്ഞുനിൽക്കുന്ന നിലയിലാണ് ബസ് ഉള്ളത്. നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Kerala
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേസ്കൂൾ വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു. സ്വകാര്യ സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. ഇനയ തെഹ്സിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സ്കൂൾ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്. കുട്ടികളെ ഇറക്കിയ സ്കൂൾ ബസ് പിന്നോട്ട് എടുത്തപ്പോൾ ആയിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: അന്യായമായി നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.
അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നും ഇവര്‍ പറയുന്നു. ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നത് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കും.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തിൽ നിന്നുള്ള ആഡംബര ബസുകളിൽ നിന്നാണ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായമായി നികുതി ചുമത്തുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
District News
അഞ്ചല്‍ : വര്‍ഷങ്ങളുടെ കാത്തിരിപ്പിനും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും ഏരൂര്‍ പാങ്ങുപാറത്തടം -കൊല്ലം സിവില്‍ സ്റ്റേഷന് ബസ് സര്‍വീസ് കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. നേരത്തെ സർവീസ് നടത്തി കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കോവിഡുകാലത്ത് നിര്‍ത്തലാക്കിയിരുന്നു.
പിന്നീട് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍വീസ് പുന്നാരംഭിക്കാന് ആവശ്യമായ നടപടികള്‍ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെ വാര്‍ഡ് അംഗവും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പി.എസ്. സുപാല്‍ എംഎല്‍എക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പൊന്നാട നല്കി സ്വീകരിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രദേശവാസികള്‍ ബസ് സര്‍വീസിനെ സ്വീകരിച്ചത്.
ഒരു ബസ് സര്‍വീസ് പോലും ഇല്ലാതിരുന്ന പാങ്ങുപാറത്തടം ഭാഗത്തേക്കാണ് സര്‍വീസ് ആരംഭിച്ചത്. നാട്ടുകാര്‍ക്കു വലിയ തരത്തില്‍ പ്രയോജനകരമാകുമെന്നു ഷൈന്‍ ബാബു പറഞ്ഞു.
Kerala
അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.
ആനയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡിൽനിന്ന് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
കൊച്ചി: സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി ശരിവച്ചു.
ഡ്രൈവറും കണ്ടക്ടറും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സ്കൂള്‍ ബസുകള്‍ക്കു മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കണം, വാഹനം എവിടെ എത്തിയെന്നു കൃത്യമായി അറിയാന്‍ കഴിയുന്ന ജിയോ ഫെന്‍സിംഗ് സംവിധാനം സ്ഥാപിക്കണം എന്നീ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ഗതാഗത അഥോറിറ്റി ജനുവരിയിലെടുത്ത തീരുമാനവും ഇതിനു തുടര്‍ച്ചയായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ചോദ്യം ചെയ്താണു ഹര്‍ജികള്‍ നല്‍കിയത്.
മോട്ടോര്‍ വാഹന നിയമപ്രകാരം സാധ്യമായ വ്യവസ്ഥകള്‍ മാത്രമേ കൊണ്ടുവരാനാകൂ. നിയമങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം എസ്ടിഎയ്ക്കല്ല, സംസ്ഥാന സര്‍ക്കാരിനാണ്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ നടപ്പാക്കിയാല്‍ ബസ് ജീവനക്കാര്‍ക്ക് ക്ഷാമമുണ്ടാകുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം അപകടങ്ങള്‍ പെരുകുന്നതും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരോടു മോശമായി പെരുമാറുന്നുവെന്ന പരാതികളും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 2023നും 2025നും ഇടയില്‍ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങളുണ്ടായതായും സര്‍ക്കാരിന്റേതു നയപരമായ തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യം കണക്കിലെടുത്തുള്ള നയപരമായ തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നയപരമായ തീരുമാനങ്ങളെടുക്കുംമുമ്പ് ബന്ധപ്പെട്ടവരെ കേള്‍ക്കേണ്ട ആവശ്യവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങള്‍ വാഹന ഉടമകള്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നത് നടപ്പാക്കാതിരിക്കാന്‍ കാരണമല്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജികള്‍ കോടതി തള്ളിയത്.